പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ട് മലയാളി മരിച്ചു



ഷാർജ: പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയ സംഘം ബോട്ടപകടത്തിൽ പെട്ട് മലയാളി മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ് (38) ആണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്.


അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്.

16 യാത്രക്കാരും രണ്ടു ജീവനക്കാരും


അടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. കരയിൽനിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ അമിതവേഗതയിലും ഭാരത്താലും ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ഷൗക്കത്ത്.

അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഭിലാഷ് എട്ടുവർഷമായി ഷാർജയിലാണ്. പുതുതായി പണികഴിപ്പിച്ച വീട്ടിൽ പാലുകാച്ചൽ ചടങ്ങിന് പോകാനിരിക്കവെയാണ് മരണം സംഭവിച്ചത്. കർഷകത്തൊഴിലാളികളായ വിജയന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി, മകൾ: അഭയ, സഹോദരൻ അജീഷ് ബഹ്റൈനിൽ ആണ്.

Post a Comment

Previous Post Next Post