കൊല്ലത്ത് ദേശീയപാതയില്‍ കാറുകളുടെ കൂട്ടിയിടി; 8 പേര്‍ക്കു പരുക്ക്കൊല്ലം ചാത്തന്നൂര്‍: ദേശീയപാതയില്‍ സ്പിന്നിങ് മില്ലിനും കുരിശുംമൂടിനും ഇടയില്‍ 3 കാറുകള്‍ കൂട്ടിയിടിച്ചു; റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ 8 പേര്‍ക്കു പരുക്ക്.

കന്യാകുമാരി മുട്ടം സ്വദേശി ജോണ്‍ സര്‍ഫിയാസ് (46), കിളിമാനൂര്‍ പുളമാത്തു സനൂജ മന്‍സിലില്‍ സജീര്‍ (38), ഭാര്യ ജെസീന (36) മകന്‍ ഇഫ്സാന്‍ (10) , കിളിമാനൂര്‍ സ്വദേശി സത്യന്‍ (52), ഭാര്യ ശാന്തിനി (46), മകള്‍ മാളു (25) റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജാര്‍ഖണ്ഡ് സ്വദേശി വിഷു ചതുര്‍ഥി (47) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ കാര്‍ തൊട്ടു മുന്നില്‍ പോയ കാറില്‍ ഇടിച്ച ശേഷം എതിര്‍ ദിശയില്‍ വന്ന കാറിലും ഇടിക്കുകയായിരുന്നു.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടു റോഡരികില്‍ നില്‍ക്കുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി വിഷു ചതുര്‍ഥിയെ, കൂട്ടിയിടികള്‍ക്കു ശേഷം കാറുകളില്‍ ഒന്ന് ഇടിക്കുകയായിരുന്നു. സത്യനും കുടുംബവും സഞ്ചരിച്ച കാര്‍ കൊല്ലം ഭാഗത്തേക്കും മറ്റു രണ്ടു കാറുകളും തിരുവനന്തപുരം ഭാഗത്തേക്കും പോവുകയായിരുന്നു. കന്യാകുമാരി സ്വദേശി ജോണ്‍ സര്‍ഫിയാസ് കാറില്‍ ഒറ്റയ്ക്കായിരുന്നു. സത്യനും കുടുംബത്തിനും നിസ്സാര പരുക്കാണ് ഉള്ളത്. പരുക്കേറ്റവരെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോണ്‍ സര്‍ഫിയാസിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.


Post a Comment

Previous Post Next Post