ബോട്ട് ദുരന്തം കണ്ണീരോര്‍മ്മയായി ആയിശ ബീവിയും മൂന്ന് മക്കളും; കണ്ണീരോടെ വിട നല്‍കി നാട്മുഴുവൻ



മലപ്പുറം ചെട്ടിപ്പടി : ജീവിത ദുരിതങ്ങള്‍ക്കിടയില്‍ ഇത്തിരി ആശ്വാസം തേടിയാണ് ആയിശ ബീവി മക്കളേയും കൂട്ടി കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ താനൂര്‍ തൂവല്‍തീരത്ത് എത്തിയത്. എന്നാല്‍, ഒരു കുടുംബത്തിലെ 12 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തം ആയിശയുടേയും കുടുംബത്തേയും കൂടി കവര്‍ന്നിരിക്കുന്നു.


ചെട്ടിപ്പടി നെടുവയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ ബീവിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഉമ്മ സുബൈദയും ഒരു മകനും രക്ഷപ്പെട്ടു. സുബൈദ ഗുരുതരാവസ്ഥയില്‍ തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലും മകന്‍ കോട്ടക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.


ആയിശ ബീവി(35), മക്കളായ ആദില ഷെറിന്‍ (15) മുഹമ്മദ് അദ്‌നാന്‍(10) മൂന്നരവയസുകാരന്‍ മുഹമ്മദ് അഫ്ഹാന്‍ എന്നിവരാണ് മരിച്ചത്. 'ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് പോകുന്ന കുടുംബമാണ് അവരുടേത്. പുറത്തേക്കൊന്നും വല്ലാതെ പോകാറില്ല. വലിയ ആഘോഷങ്ങളിലൊന്നും പങ്കുചേരാറുമില്ല. ചെറിയൊരു ആശ്വസത്തിനായി പോയതാകും.' അയല്‍വാസികള്‍ പറഞ്ഞു.


പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ആനപ്പടി എല്‍പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് 12.30ഓടെ ചെട്ടിപ്പടി ആനപ്പടി ജുമാമസ്ജിദില്‍ ഖബറടക്കി. 


പരപ്പനങ്ങാടി ചെട്ടിപ്പടി വലിയപ്പാടത്തെ വാടകവീട്ടിലാണ് ആയിശ ബീവിയും അഞ്ച് മക്കളും താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ആയിശ ബീവിക്കൊപ്പമാണ് ഉമ്മ സുബൈദയും താമസം. ഒരു മകനെ പെരുന്നാളിനോടനുബന്ധിച്ച് സൈനുല്‍ ആബിദ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ബാക്കിയുള്ള നാല് മക്കളേയും ഉമ്മയേയും കൂട്ടിയാണ് ആയിശ ബീവി താനൂര്‍ ഞായറാഴ്ച വൈകീട്ട് തൂവല്‍തീരത്തേക്ക് പോയത്. പരപ്പനങ്ങാടിയിലെ ഒരു വസ്ത്രവ്യാപാര ശാലയിലാണ് ആയിശ ബീവി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് തൂവല്‍തീരത്തേക്ക് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.



Post a Comment

Previous Post Next Post