കൊച്ചി മദ്രസാ അധ്യാപകന് വാഹനാപകടത്തിൽ ദാരുണാന്ത്യം. പല്ലാരിമംഗലം സ്വദേശി മുഹ്യിദ്ദീൻ മുസ്ലിയാർ(58) ആണ് അമ്പാട്ടുകടവ് ജങ്ഷനിൽ വാഹനമിടിച്ച് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. തൊട്ടടുത്തുള്ള പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നല്കാനായി കാൽനടയായി പോകുന്നതിനിടെ പിന്നിൽനിന്ന് വന്ന മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. റിവേഴ്സെടുത്ത വാഹനം വരുന്നത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ശരീരത്തിലൂടെ കയറിയത്.
ആലുവ ഇടയപ്പുറം മദ്രസയിൽ 30 വർഷമായി അധ്യാപകനായിരുന്നു മുഹ്യിദ്ദീൻ മുസ്ലിയാർ. വലിയ പെരുന്നാൾ അവധിയിൽ ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണസംഭവം. മൃതദേഹം
പോസ്റ്റ്മാർട്ടത്തിനുശേഷം പല്ലാരിമംഗലത്തേക്ക് കൊണ്ടുപോകും.
