റിയാദ്: ആവി കൊള്ളിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളി മരിച്ചു. തൃശൂർ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. ബത്ഹയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളിൽ കെറ്റിലിൽ വെള്ളം ചൂടാക്കി തലയിൽ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാൽ റൂമിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. പിതാവ് ഇസ്മായിൽ, മാതാവ് സൈനബ. ഗനിയയാണ് ഭാര്യ. റിസ്വാന ഫാത്തിമ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റൈഹാൻ എന്നിവർ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.