വേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്ക് ഇടിച്ചിട്ട് ബസ് കാത്തു നിന്ന യാത്രക്കാരിലേക്ക് ഇടിച്ചു കയറി. സംഭവത്തിൽ 6 പേർക്ക് പരുക്ക്. ഇഞ്ചപ്പാറയിൽ വൈകിട്ട് 4.45നാണ് സംഭവം. കൂടൽ ഭാഗത്തു നിന്ന് റോഡിനു മധ്യത്തിലൂടെ വന്ന ബൈക്ക് മുന്നിൽപോയ മറ്റൊരു ബൈക്ക് ഇടിച്ചിടുകയായിരുന്നു. പിന്നാലെ വന്ന ബൈക്കും അതിലുണ്ടായിരുന്ന രണ്ടുപേരും മറിഞ്ഞ് റോഡരികിൽ നിന്നവരിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പത്തനാപുരം ഭാഗത്തേക്കു പോകാൻ ബസ് കാത്തു നിന്ന ഇഞ്ചപ്പാറ പാറയിൽ ഓമന ജോർജ്, മംഗലത്തു കിഴക്കേതിൽ രാധാമണി, മഞ്ജു ഭവനം വിജയൻ എന്നിവർക്കും അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന ഇടത്തറ സ്വദേശി ഷാജിത്, നെടുമൺകാവ് സ്വദേശി സേതുലാൽ, മറ്റൊരു ബൈക്ക് യാത്രികനായ ഇഞ്ചപ്പാറ ഈഴനേത്ത് അയൂബ് എന്നിവർക്കുമാണ് പരുക്കേറ്റത്. അയൂബിനെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.റോഡ് നന്നായതോടെ ഇരുചക്രവാഹനങ്ങൾ അടക്കം അമിത വേഗത്തിൽ പായുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.