മലപ്പുറം: ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെരിന്തൽമണ്ണ തോട്ടക്കരയിൽ ആണ് സംഭവം. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആറു മാസമായി അടഞ്ഞുകിടക്കുന്ന വീടാണിത്.അതേസമയം, അടഞ്ഞു കിടന്ന വീട്ടിൽ ഇയാൾ എങ്ങനെയെത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
