പുതുക്കാട്: ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഏഴു വാഹനങ്ങളിലിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനു പരിക്ക്.
പുതുക്കാട് സിഗ്നല്‍ ജംഗ്ഷനു സമീപം ഇന്നലെ വൈകീട്ട് 4.30-നായിരുന്നു അപകടം. ഒല്ലൂര്‍ സ്വദേശി അക്കര അഗസ്റ്റിൻ ഓടിച്ചിരുന്ന കാറ് മറ്റൊരു കാറില്‍തട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം. സര്‍വീസ് റോഡിലേക്കു പാഞ്ഞുകയറിയ കാറ് നിര്‍ത്തിയിട്ട ബസിനു പിറകിലിടിച്ചശേഷം മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു.
ഇതിനിടെ മറ്റൊരു കാറില്‍തട്ടിയ ബൈക്ക് യാത്രികനു കാലില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍പ്പെട്ട എര്‍ട്ടിക കാറിന്‍റെ മുൻവശത്തെ ചക്രം ഊരിത്തെറിച്ചുപോയിരുന്നു.
മറ്റു കാറുകള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
