തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) ആണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ കഴിയവേ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം. പനി ബാധിച്ച് വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന്, വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ് അസ്‌ക സോയ ആശുപത്രിയിലെത്തിയത്.
പുലർച്ചെ രണ്ട് മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന് കോഴിക്കോട്ടേക്ക് റഫർ ചെയ്‌തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. എച്ച് വൺ എൻ വൺ പനിയാണെന്നാണ് സംശയം. ജനിഷ എട്ട് മാസമായി തലശ്ശേരിയിലെ വാടക വീട്ടിലാണ് താമസം. പിതാവ്: മുഹമ്മദ് അഷറഫ്. ഒരു സഹോദരനുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
.കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് പനി ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീ ബാലുവിന് പനി ബാധിച്ചത്. പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ രാത്രി മരിക്കുകയായിരുന്നു. പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ വെച്ച് വീണ്ടും പനി ബാധിക്കുകയും വീണ്ടും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാനുള്ള നിർദേശമാണ് ലഭിച്ചത്. തുടർന്ന് കണ്ണൂരിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.
