ഇടുക്കി തൊടുപുഴ: നിയന്ത്രണംവിട്ട കാര്‍ രണ്ട് ഓട്ടോകളിലും ഒരു കാരവാനിലും ഇടിച്ചുകയറി. അപകടത്തില്‍ ഓട്ടോയാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരിനു സമീപമായിരുന്നു അപകടം.
ഓട്ടോഡ്രൈവര്‍മാരായ മൂലമറ്റം ഇലപ്പള്ളി സ്വദേശി സുരേഷ് (54), അങ്കമാലി സ്വദേശി രാധാകൃഷ്ണൻ (40), യാത്രക്കാരായ തോപ്രാംകുടി വെള്ളപ്ലാക്കല്‍ ബിജു (38), ഇടുക്കി മണിപ്പാറ പാറയില്‍ ശ്രീജിത്ത് (45) എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ജോലികഴിഞ്ഞ് കദളിക്കാടുള്ള വീട്ടിലേക്ക് മടങ്ങിയ പാറയില്‍ ജിബിൻ സോമൻ (39) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ജിബിനും പരിക്കേറ്റു.
ജില്ലാ അതിര്‍ത്തിയിലെ ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന രണ്ട് ഓട്ടോകളിലേക്കും സമീപം പാര്‍ക്ക് ചെയ്തിരുന്ന കാരവാനിലേക്കും ഇടിച്ചുകയറുകയായിരുന്നു. കാറും ഓട്ടോകളും റോഡില്‍ മറിഞ്ഞു.
സംഭവം കണ്ട് ഓടിയെത്തിയവര്‍ ഉടൻതന്നെ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നു വാഹനങ്ങള്‍ക്കും സാരമായ കേടുപാട് സംഭവിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
സംഭവമറിഞ്ഞ് തൊടുപുഴയില്‍നിന്നു അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ റോഡില്‍നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് റോഡിലെ ചില്ലും മറ്റ് അവശിഷ്ടങ്ങളും അഗ്നിരക്ഷാസേന കഴുകി നീക്കി.
കണ്ണില്‍ ശക്തമായ സൂര്യപ്രകാശമടിച്ചതോടെ വാഹനം നിയന്ത്രിക്കാനായില്ലെന്ന് കാര്‍ ഡ്രൈവര്‍ ജിബിൻ പറഞ്ഞു. എന്നാല്‍, അപകടമുണ്ടായ സ്ഥലത്ത് തെറ്റായ ഭാഗത്ത് കാരവാൻ പാര്‍ക്ക് ചെയ്തതിരുന്നത് അപകടത്തിന്‍റെ ആക്കം കൂട്ടിയതായി സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചു. അപകടമുണ്ടായ ഉടൻതന്നെ കാരവാൻ സ്ഥലത്തുനിന്നു നീക്കിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
