ഗൂഡല്ലൂരിൽ പാലം തകർന്നതിനെത്തുടർന്ന് ഇതുവഴി ഊട്ടിയിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു. നിലവിൽ താൽക്കാലികമായി റോഡിന്റെ ഒരു വശത്തിലൂടെ മാത്രം ചെറിയ വാഹനം കടത്തിവിടുന്നുണ്ട്. പ്രവൃത്തി പൂർണമാകും വരെ യാത്രക്കാർ മസിനഗുഡി വഴി വേണം ഇനി ഊട്ടിയിലേക്ക് പോകാൻ. . ബ്രിട്ടീഷുകാർ നിർമിച്ച പാലമാണിത്. ഗൂഡല്ലൂരിൽനിന്ന് 75 കിലോമീറ്ററാണ് മസിനഗുഡി വഴി ഊട്ടിയിലേക്കുളള ദൂരം. കൂടാതെ 36 വളവുകളും കടന്നുവേണം യാത്രചെയ്യാൻ. മൈസൂരു വനത്തിലൂടെ കടന്നുപോകുന്നതിനാൽ രാത്രി ഒൻപതിന് ശേഷം ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5.3നാണ് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. ഇവിടെ റോഡിന്റെ വീതികൂട്ടലും പുതിയ പാലത്തിന്റെ നിർമാണവും നടക്കുന്നുണ്ട്.
താൽക്കാലിക പാലം നിർമിച്ച് ചെറിയ വാഹനങ്ങളെങ്കിലും കടത്തിവിടാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഊട്ടിയിലെത്തിയ ഒട്ടേറെ വിനോദസഞ്ചാരികൾ വഴിയിൽ കുടുങ്ങി. കോഴിക്കോട്, മലപ്പുറം, വയനാട് ഭാഗങ്ങളിൽനിന്നുള്ളവർ കോയമ്പത്തൂർ വഴി തിരികെപ്പോകേണ്ട അവസ്ഥയിലാണ്.
