നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് തൊഴിലാളിക്ക് പരിക്ക്



 അമ്പലപ്പുഴ: സ്ലാബ് തകർന്ന് വീണ് തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പുറക്കാട് പുത്തൻ നടക്കു സമീപം കല്ലുപുരക്കൽ തോപ്പിൽ ബിജുവിൻ്റെ വീടിൻ്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. 20 ദിവസം മുൻപ് കോൺക്രീറ്റ് ചെയ്ത സൺഷൈഡിൻ്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് തൊഴിലാളിയായ മിഥുൻ്റെ കാലിൽ വീഴുകയായിരുന്നു. സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്നവർ താങ്ങി നിർത്തുകയായിരുന്നു.


അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പോലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിച്ചു. അമ്പലപ്പുഴ എസ്.ഐ: ടോൾസൺ പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ 20 ഓളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മിഥുനെ സ്ലാബുകൾക്കിടയിൽ നിന്ന് രക്ഷപെടുത്തി. ഈ സമയം മിഥുൻ തീരെ അവശനായി കഴിഞ്ഞിരുന്നു. പിന്നീട് സ്ട്രെക്ച്ചറിൽ കിടത്തി കയറിൽ തൂക്കി യുവാവിനെ താഴെയെത്തിച്ച ശേഷം ആംബുലൻസിൽ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മിഥുൻ്റെ വലതു കാലിന് ഒടിവ് സംഭവിച്ചു.

Post a Comment

Previous Post Next Post