സിനിമാ സംവിധായകൻ സിദ്ദീക്ക്‌ മരണപ്പെട്ടു

 
കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് അന്ത്യം. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയായിരുന്നു ചികിത്സ. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമായത്.


കൊച്ചിയില്‍ ഇസ്മാഈല്‍ ഹാജിയുടെയും സൈനബയുടെയും മകനായി 1960 ഓഗസ്റ്റ് ഒന്നിനു ജനിച്ച സിദ്ധീഖ് കളമശേരി സെന്റ് പോള്‍സ് കോളജിലാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. യൗവനകാല സുഹൃത്തായ ലാലും ചേര്‍ന്ന് കൊച്ചിന്‍ കലാഭവനില്‍ മിമിക്രി താരമായി ചേര്‍ന്ന സിദ്ധീഖ് കൂടി നേതൃത്വം കൊടുത്തതാണ് മിമിക്‌സ് പരേഡ് എന്ന കലാരൂപം.


തുടര്‍ന്ന് ഫാസിലിന്റെ സംവിധാന സഹായികളായിത്തീര്‍ന്ന സിദ്ധീഖും ലാലും ഫാസില്‍ നിര്‍മ്മിച്ച റാംജി റാവുവിലൂടെ സ്വതന്ത്രസംവിധായകാരായി റാംജിറാവ് സ്പീക്കിങ്ങ്,ഇന്‍ ഹരിഹര്‍ നഗര്‍,2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകള്‍ ഒന്നിച്ചു സംവിധാനം ചെയ്ത ശേഷം മാന്നാര്‍ മത്തായി കഴിഞ്ഞ് ഹിറ്റ്‌ലറിലൂടെ സിദ്ധീഖ് സ്വതന്ത്രസംവിധായകനായി.ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്),ക്രോണിക് ബാച്ച്ലര്‍,എങ്കള്‍ അണ്ണ (തമിഴ്),സാധു മിറാന്‍ഡ (തമിഴ്)

ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്),ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ (2019)വരെ 13 ചിത്രങ്ങള്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്തു. ലാലിനു വേണ്ടി പില്‍ക്കാലത്ത് കിങ് ലയറിന് തിരക്കഥയെഴുതി.


മിനിസ്‌ക്രീനില്‍ മിമിക്രി-ഹാസ്യ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായ സിദ്ധീഖ് പത്തോളം സിനിമകളില്‍ സൗഹൃദവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നിവയുടെ കഥാകൃത്തായിരുന്നു. 1991ല്‍ ഗോഡ്ഫാദറിന് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫെഫ്കയുടെ സ്ഥാപകാംഗവും മാക്ട ഭാരവാഹിയുമായിരുന്നു.


സജിതയാണ് ഭാര്യ. മൂന്ന് പെണ്‍മക്കള്‍. സുമയ, സാറ, സുക്കൂന്‍

 

Post a Comment

Previous Post Next Post