കണ്ണൂർ: പേരാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ആഴമുള്ള കിണറ്റിൽ വീണ് യുവാവിന് പരിക്കേറ്റു. മണത്തണയിലാണ് അപകടമുണ്ടായത്. വയനാട് തവിഞ്ഞാൽ പുത്തൻപുരയ്ക്കൽ രതീഷിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
രതീഷും മറ്റൊരു യാത്രക്കാരനുമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന രതീഷാണ് ബൈക്കിനോടൊപ്പം കിണറ്റിൽ വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സിബിൻ ബൈക്കിന് നിയന്ത്രണം വിട്ട സമയത്ത് തെറിച്ച് വീണിരുന്നു. ഇരുവരും മാനന്തവാടിയിൽ നിന്ന് തളിപ്പറമ്ബിലേക്ക് വരികയായിരുന്നു.
ബൈക്ക് കിണറ്റിൽ വീണ ഉടനെ തന്നെ ശബ്ദം കേട്ട് നാട്ടുകാർ കിണറ്റിനരികിലെത്തി. തുടർന്ന് പേരാവൂരിൽ നിന്ന്അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ പുറത്തെടുത്തു. രതീഷിന് ഗുരുതരപരിക്കുകളില്ലെന്നാണ് വിവരം.