അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ റോപ്പ് കാലിൽ കുരുങ്ങി കടലിൽ വീണ മത്സ്യതൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പനയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1 ഓടെ തോട്ടപ്പള്ളി പടിഞ്ഞാറ് കടലിൽ ആയിരുന്നു അപകടം.
ഇന്ന് പുലർച്ചെ ദീപം വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ സെബാസ്റ്റ്യൻ കാലിൽ റോപ്പ് കുരുങ്ങി കടലിൽ വീഴുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ കടലിൽ ചാടി സെബാസ്റ്റ്യനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് തോട്ടപ്പള്ളി തീരത്തെത്തിച്ച് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
