വീടിന്റെ മുകളില്‍നിന്ന് വീണ് 14 വയസ്സുകാരന് ദാരുണാന്ത്യം; അപകടം രണ്ടാം നിലയില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണ്തൃശ്ശൂർ  കൊടുങ്ങല്ലൂര്‍: വീടിന്റെ മുകളില്‍നിന്ന് കാല്‍ വഴുതി താഴേക്കു വീണ് 14 വയസ്സുകാരൻ മരിച്ചു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബന്ധുവിന്റെ വീടിന്റെ മുകളിലെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം.

എറിയാട് പഞ്ചായത്തിലെ ഐ.എച്ച്‌.ആര്‍.ഡി. കോളേജിന് സമീപത്ത് താമസിക്കുന്ന ചീരേപറമ്ബില്‍ പ്രതാപന്റെയും ബിന്ദുവിന്റെയും ഏക മകൻ അഭിനവ് ആണ് മരിച്ചത്. എറിയാട് കേരളവര്‍മ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു. തറവാട് വീടിന്റെ സമീപത്തായി പിതൃസഹോദരന്റെ വീട് പണി നടക്കുന്ന സ്ഥലത്തേക്ക്

ബന്ധുവായ മറ്റൊരു കുട്ടിയുമൊത്ത് പോയതായിരുന്നു. പണി നടക്കുന്ന വീടിന്റെ രണ്ടാംനിലയില്‍ കയറിയ ഇവര്‍ താഴേക്ക് ഇറങ്ങുന്നതിനിടയില്‍ അഭിനവ് കാല്‍ വഴുതി കോണിപ്പടികള്‍ക്കിടയിലൂടെ താഴെക്ക് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post