നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിന് 33000 രൂപ പിഴയടക്കണമെന്ന് വ്യാജ സന്ദേശം.. 16കാരൻ ജീവനൊടുക്കികോഴിക്കോട്: നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിന് പിഴയൊടുക്കണമെന്ന് സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച 16 വയസുകാരൻ ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദിനാഥാണ് (16) മരിച്ചത്. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ 33000 രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരിൽ വ്യാജ സന്ദേശമെത്തിയത്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് വീട്ടലെത്തി കുട്ടിയുടെ ലാപ്ടോപ്പ് പരിശോധിച്ചിരുന്നു. ലാപ്ടോപ്പ് ഓഫായിരുന്നില്ല. ഇതിൽ ഒരു വെബ്സൈറ്റിൽ ലാപ്ടോപ്പ് ലോക്ക് ചെയ്യപ്പെട്ടുവെന്നും പിഴയടച്ചില്ലെങ്കിലും ലാപ്ടോപ്പ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചാലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്നും എഴുതിയിരുന്നു. വർഷങ്ങളോളം തടവിൽ കഴിയേണ്ടി വരുമെന്നടക്കം വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഒരു കുട്ടിക്ക് ഭയപ്പെടാനുള്ള എല്ലാ രീതിയിലുള്ള കാര്യങ്ങളും വെബ്സൈറ്റിൽ ഉണ്ടായിരുന്നു. ചേവായൂർ പൊലീസും സൈബർ പൊലീസും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്. ലാപ്ടോപ്പിൽ സിനിമ കണ്ടതല്ലാതെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്.

Post a Comment

Previous Post Next Post