തൃശ്ശൂർ കുന്നംകുളം: പുതിയ ബസ്സ്റ്റാൻഡിന് മുന്നിൽ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറിനേയും ഇടിച്ച് അപകടപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കുന്നംകുളം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പറങ്ങോടത്ത് ബസ്, താവൂസ് ഇറക്കം ഇറങ്ങി വരുന്നതിനിടെ പുതിയ ബസ്റ്റാന്റിൽ നിന്ന് മെയിൻ റോട്ടിലേക്ക് കയറിയ കുന്നംകുളം- വളാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കൊടപ്പാടത്ത് ബസിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് ബസ് സമീപത്തെ കാറിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും, മഴക്കാലത്തു തുടർച്ചയായി അപകടം ഉണ്ടാകുമെന്ന് ബസ് ഡ്രൈവർമാർ ആരോപിച്ചു. ബസുകളുടെ അമിതവേഗത ആണ് അപകടത്തിന് കാരണം എന്നും ആരോപണമുണ്ട്. ബസുകളുടെ അമിത വേഗതക്ക് എതിരെ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
