ശക്തമായ മഴ ; തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട്; 11 ക്യാമ്പുകൾ തുറന്നു; മരുത്തൂരില്‍ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. 3 നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി. കഴക്കൂട്ടം സബ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു

തിരിവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളില്‍ വെളളം കയറി. പട്ടം കോസ്മോ ഹോസ്പിറ്റലിന് എതിര്‍വശത്തും കഴക്കൂട്ടത്തും നിരവധി വീടുകളില്‍ വെള്ളം കയറി.


വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ അവിടേക്ക് മാറ്റി പാർപ്പിച്ചു. കനത്ത മഴയിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വേളി പൊഴി മുറിച്ചെങ്കിലും പക്ഷെ ഫലമുണ്ടായില്ല. വെള്ളം കടലിലേക്ക് ഒഴുകിയാല്‍ വെള്ളക്കെട്ട് താഴും. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കും.


തിരുവനന്തപുരം നഗരത്തില്‍ മൊത്തം 11 ക്യാമ്പുകള്‍ ഇതുവരെ തുറന്നു. നെയ്യാറ്റിന്‍കര റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ കാനറ വാട്ടര്‍ ടാങ്കിന്‌സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡില്‍ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.


അതുപോലെ പഴയ കുന്നുമ്മേല്‍ വണ്ടന്നൂര്‍ വാര്‍ഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയി. മരുത്തൂരില്‍ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസ്സപെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്നു നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.


അതേസമയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നാളെ അവധി പ്രഖ്യാപിച്ചു


അതിതീവ്ര മഴയെ തുടർന്ന് കഴക്കൂട്ടം സബ്സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു. കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. മറ്റു മാർഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post