മാന്നാർ: നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. മിഥുന്‍ എഴുതിയ കത്ത് മുറിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ടെന്നും മോനെ പിരിയാൻ വയ്യാത്തത് കൊണ്ട് അവനെയും കൂട്ടുന്നുവെന്നും കത്തിൽ പറയുന്നു. എന്നാല്‍ എന്താണ് മരണത്തിന് കാരണം എന്ന് വ്യക്തമല്ല. മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് മിഥുനെയും കൊച്ചുമകൻ ഡെൽവിനെയും മരിച്ച നിലയിൽ കണ്ടത്. കുട്ടി കട്ടിലിൽ കിടക്കുകയായിരുന്നു. മിഥുൻ കൈ ഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. മിഥുൻ്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയുമായി ഇന്നലെ മിഥുനും മകനും വിഡിയോ കോളിൽ ഏറെ നേരം സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.