ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലം. പത്തനംതിട്ട വടശേരിക്കരയില്‍നിന്ന്‌ കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുള സത്രക്കടവില്‍ കണ്ടെത്തി



റാന്നി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലം. വടശേരിക്കര ഇടത്തറയില്‍നിന്ന്‌ 17 ദിവസം മുന്‍പ്‌ കാണാതായ, താന്നിനില്‍ക്കും കാലായില്‍ പരേതനായ സജിയുടെ മകന്‍ സംഗീതി(23)ന്റെ മൃതദേഹം ആറന്മുള സത്രക്കടവിന്‌ സമീപം പമ്ബാനദിയില്‍ കണ്ടെത്തി.

ഇന്നലെ രാവിലെ 11 ന്‌ പ്രദേശത്ത്‌ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ്‌ മുളം കാട്ടില്‍ തങ്ങി നില്‍ക്കുന്ന ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്‌.

വസ്‌ത്രങ്ങളും വാച്ചും കണ്ടാണ്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്‌. ഒക്‌ടോബര്‍ ഒന്നിനാണ്‌ സംഗീതിനെ ഇടത്തറ ഭാഗത്തുനിന്ന്‌ കാണാതായത്‌. പൊതുപ്രവര്‍ത്തന രംഗത്ത്‌ സജീവമായിരുന്ന സംഗീത്‌ നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു. 

സംഭവ ദിവസം സുഹൃത്ത്‌ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയ സംഗീത്‌ രാത്രി വൈകിയും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ മലയാലപ്പുഴ പോലീസില്‍ പരാതി നല്‍കി. ഇടത്തറ ഭാഗത്ത്‌ സാധനങ്ങള്‍വാങ്ങാനായി ഓട്ടോ നിര്‍ത്തി താന്‍ കടയിലേക്ക്‌ കയറിപ്പോയെന്നും തിരികെ വന്നപ്പോള്‍ സംഗീതിനെ കണ്ടില്ലെന്നുമാണ്‌ സുഹൃത്ത്‌ പ്രദീപ്‌ പോലീസിന്‌ മൊഴി നല്‍കിയത്‌. കടയില്‍ നില്‍ക്കുമ്ബോള്‍ എന്തോ തോട്ടില്‍ വീണ ശബ്‌ദം കേട്ടിരുന്നതായും പ്രദീപ്‌ പറഞ്ഞു. കട ഉടമയും സമാനമായ മൊഴി നല്‍കിയിട്ടുണ്ട്‌. പോലീസ്‌ തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഗീതിന്‌ നന്നായി നീന്താന്‍ അറിയാവുന്ന ആളാണെന്നും ചെറിയ തോട്ടില്‍ വീണ്‌ ഒഴുകി പോയില്ല എന്നും ബന്ധുക്കള്‍ പറയുന്നു. നരിക്കുനി തോട്‌ ചെന്നു ചേരുന്നത്‌ പമ്ബ നദിയിലാണ്‌. സംഗീതിനെ കാണാതായ ദിവസം കനത്ത മഴ പെയ്‌ത്‌ തോട്‌ നിറഞ്ഞു കിടക്കുകയായിരുന്നു.ശക്‌തമായ ഒഴുക്കുമുണ്ടായിരുന്നു.

ഇടത്തറയില്‍ നിന്ന്‌ ഏറെ ദൂരത്തിലാണ്‌ തോട്‌ നദിയിലേക്ക്‌ ചേരുന്നത്‌. സംഗീതിനെ കാണാതായ സ്‌ഥലത്തു നിന്നും 18 കിലോമീറ്ററിലധികം ദൂരത്തായാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കാണാതാകുമ്ബോള്‍ കഴുത്തില്‍ മൂന്നര പവനോളം തൃക്കമുള്ള സ്വര്‍ണ മാല ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മൃതദേഹത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ല. ആറന്മുള പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇന്ന്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടക്കും. മാതാവ്‌: ജെസി. സഹോദരി: ഗീതാഞ്‌ജലി. സംസ്‌കാരം പിന്നീട്‌

Post a Comment

Previous Post Next Post