അമ്പലപ്പുഴയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു.അണക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് പൊള്ളലേറ്റു
അമ്പലപ്പുഴ: പാചകവാതകം ചോർന്ന് തീപിടിച്ചു. പുന്നപ്ര തെക്ക് അഞ്ചാം വാർഡ് പൂക്കൈത ആറുതീരത്ത് ചന്ദ്രമംഗലം വീട്ടിൽ ശിവദാസിന്‍റെ വീട്ടിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ അപകടം ഉണ്ടായത്. അടുക്കളയിൽ വിറക് അടുപ്പ് കത്തുന്നതിനിടെ, സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന റെഗുലേറ്ററിന്റെ അടിഭാഗത്തുകൂടി വാതകം ചോർന്നതിനെ തുടർന്നാണ് തീപിടിച്ചത്. എന്നാൽ വീട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.


ശിവദാസും മകന്‍ സുമേഷും ചേർന്ന് റെഗുലേറ്റർ അടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം സിലിണ്ടറും സ്റ്റൗവും തമ്മിൽ ബന്ധിപ്പിച്ച പൈപ്പിനും തീപിടിച്ചു. അടുക്കളക്കുള്ളിൽ തീ ഉയർന്നതോടെ ഇരുവരും ചേർന്ന് സിലിണ്ടർ അടുക്കളയുടെ പുറത്തെത്തിച്ച് തീ അണക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കിച്ചൻ ട്രാക്കും കത്തിനശിച്ചു. കൂടാതെ സ്റ്റൗ, വയറിംഗ്, ബൾബുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ശിവദാസിനും ഭാര്യ പൊന്നമ്മക്കും മകൻ സുമേഷിനും പൊള്ളലേറ്റു. മുഖത്ത് പൊള്ളലേറ്റ സുമേഷും പൊന്നമ്മയും ചെമ്പുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post