സൗദി അറേബ്യയിലെ അൽബാഹ ഹഖീഖ് റോഡിൽ അപകടം മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മരണപ്പെട്ടു

 സൗദി അൽബാഹ: വാഹനാപകടത്തിൽ മലപ്പുറം സ്വദേശി അൽബാഹയിൽ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ വ്യാഴാഴ്ച വൈകീട്ട് അൽബാഹ, ഹഖീഖ് റോഡിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദി പ്രവർത്തകനാണ്.


ഇദ്ദേഹത്തിന്റെ ഭാര്യ ഷമീറയും ഇളയ മകൾ അഞ്ച് വയസുകാരി മിൻസ ഫാത്തിമയും കഴിഞ്ഞ മാസം സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയിട്ടുണ്ട്. മറ്റു മക്കൾ: മുഹ്സിൻ ജാഫർ (പ്ലസ് വൺ വിദ്യാർത്ഥി), മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ). പിതാവ്: പരേതനായ ഹസൈനാർ, മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഫർസാന. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post