കണ്ണൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേര്‍ വെന്തുമരിച്ചു

 



കണ്ണൂര്‍: കതിരൂര്‍ ആറാം മൈല്‍ പള്ളിക്ക് സമീപം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇരുവരും പാനൂര്‍ സ്വദേശികളാണെന്നാണ് വിവരം.


വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സിഎന്‍ജി ഓട്ടോയും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ തല്‍ക്ഷണം തീപടര്‍ന്നു. വന്‍തോതില്‍ തീപടര്‍ന്നതോടെ ഡ്രൈവറും യാത്രക്കാരനും ഓട്ടോയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.


തീ ആളിക്കത്തിയോടെ ദൃക്‌സാക്ഷികള്‍ക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ സാധിച്ചില്ല. അഗ്നിരക്ഷാ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post