ഇടുക്കി: ശാന്തൻപാറക്കു സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കഴിഞ്ഞൊഴുകി.
കച്ചറയില്‍ മിനിയുടെ വീടിനും മറ്റൊരു വീടിനും കേടുപാടുണ്ടായി.
വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് ഏഴ് മുതല്‍ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. ഒൻപതോടെ വീടിനകളുടെ അകത്തേക്ക് മലവെള്ളപ്പാച്ചില്‍ എത്തുകയായിരുന്നു.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലില്‍ പെട്ടു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു
തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കില്‍പെട്ടു.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടുമ്ബൻചോല ശാന്തൻപാറ റോഡില്‍ മരം വീണ് ഗതാഗതം തടസ്സം നേരിട്ടത് ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തും പുനസ്ഥാപിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന്ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഏഴാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും എട്ടിന് പാലക്കാട്, മലപ്പുറം ജില്ലകളിലും ഒൻപതാം തീയത് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴയ്ക്ക് സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് മാറിതാമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
