കോട്ടയം: കുഴഞ്ഞുവീണ യാത്രികന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് ബസ് ഓടിച്ച് ജീവനക്കാരുടെ മാതൃക. കോരുത്തോട് മുണ്ടക്കയം റൂട്ടില്‍ ഓടുന്ന 'ഷൈബു' ബസ്സാണ് ദേഹാസ്വാസഥ്യം അനുഭപ്പെട്ട് കുഴഞ്ഞുവീണ കുഴിമാവ് സ്വദേശി സണ്ണിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേയ്ക്ക് ബസ് ഓടിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുഴിമാവില്‍ നിന്നും മുണ്ടക്കയത്തേയ്ക്കുള്ള ട്രിപ്പിലാണ് സണ്ണി ബസ്സില്‍ കയറിയത്. ബസ് മടുക്കയില്‍ എത്തിയപ്പോള്‍ അദ്ദേഹം കുഴഞ്ഞ് സ്വീറ്റിനിടയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ബസ് കണ്ടക്ടര്‍ സുനീഷും ഡ്രൈവര്‍ അലി വിഎസും ചേര്‍ന്ന് പ്രഥമിക ചികിത്സ നല്‍കി യാത്ര തുടര്‍ന്നു. എന്നാല്‍ വീണ്ടും പനക്കച്ചിറയില്‍ എത്തിയപ്പോള്‍ സണ്ണി വീണ്ടും കുഴഞ്ഞുവീണു. തുടര്‍ന്ന് ബസ് കടന്ന് പോകുന്ന റൂട്ടിലെ സ്വകാര്യ ലാമ്ബ് ജീവനകരെ ഫോണില്‍ വിവരം അറിയിക്കുകയും സണ്ണിയുമായി ബസ് വണ്ടൻപാതാലില്‍ എത്തുകയുമായിരുന്നു. ലാബ് ജീവനക്കാര്‍ സണ്ണിയെ ബസ്സില്‍ കയറി പരിശോധിക്കുകയും പ്രഷര്‍ കുറയുന്നതായി കണ്ടെത്തുകയും ചെയ്തു. ഉടനെ തന്നെ മറ്റ് സ്റ്റോപ്പുകളില്‍ ഇറക്കേണ്ട യാത്രക്കാരെയും കൊണ്ട് ബസ്സ് സ്റ്റാന്റില്‍ കയറാതെ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രില്‍ എത്തി. തുടര്‍ന്ന് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രോഗിയ്ക്ക് മതിയായ ചികിത്സ നല്‍കി.