വിദ്യാര്‍ത്ഥികളുമായെത്തിയ മിനി ബസ് കാറിലിടിച്ചു



കൊല്ലം: തിരുമുല്ലാവാരത്ത് വിദ്യാര്‍ത്ഥികളുമായെത്തിയ മിനി ബസ് കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു.

ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ യാതൊരു പരിശോധനകളും നടത്താതെ മറ്റൊരു വാഹനത്തില്‍ സ്കൂളുകളില്‍ എത്തിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.


ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം. സ്കൂള്‍ ബസുകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ സര്‍വീസിന് യോഗ്യമല്ലാത്ത വാഹനമാണ് തിരുമുല്ലാവാരത്ത് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിലെ ജീവനക്കാരുടെ പക്കല്‍ വിദ്യാര്‍ത്ഥികളുടെ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഒന്നിലധികം സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ഇത്തരം സ്വകാര്യ സര്‍വീസുകള്‍ നടത്തുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങള്‍ തിരിച്ചറിയാൻ 'ഓണ്‍ സ്കൂള്‍ ഡ്യൂട്ടി" എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പാലിക്കാറില്ല. വരും ദിവസങ്ങളില്‍ ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post