ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിലെ ഗോപി (50), സജീവൻ(45) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വെള്ളത്തിൽ പൊന്തി കിടക്കുന്ന നിലയിലാണ് ഗോപിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നേവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ടോടെയാണ് സജീവന്റെ മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ജില്ലാ കളക്ടർ തിരച്ചിലിനായി നേവിയുടെ സഹായം തേടുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് സ്വന്തം വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്. ആനയിറങ്കലിൽ നിന്നും ആവശ്യ സാധനങ്ങൾ വാങ്ങി കോളനിയിലേക്ക് തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം.