ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് നാൽപ്പതോളം തൊഴിലാളികൾ കുടുങ്ങി. ഉത്തരകാശിയിലെ സിൽക്യാര മുതൽ ദണ്ഡൽഗാവ് വരെ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. തുരങ്കം തുറന്ന് ജോലിക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്ക് 26 കിലോമീറ്റർ ദൂരം കുറയ്ക്കാനായുള്ള ഛാർ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമാണം നടക്കുന്നത്. പുലർച്ചെ നാലു മണിയോടെ, നാലര കിലോമീറ്റർ നീളമുള്ള ടണലിന്റെ 150 മീറ്റർ ഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇത് വരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.