കാൽ തെറ്റി കിണറ്റിൽ വീണു… 5വയസുകാരന് ദാരുണാന്ത്യം



തിരുവനന്തപുരം: സുഹൃത്തുകൾക്ക് ഒപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. തിരുവല്ലം പാച്ചല്ലൂർ പാറവിള പള്ളിക്ക് സമീപം നസ്മി മൻസിലിൽ അൻസാർ – നസ്‌മി ദമ്പതികളുടെ മകൻ അഹിയാൻ മുഹമ്മദ് (5) ആണ് മരിച്ചത്.


ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കുട്ടികൾ കളിച്ചുകൊണ്ട് നിന്നപ്പോൾ അഹിയാൻ കാൽ തെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ഇത് കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് ഒരാൾ കിണറ്റിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കിണറിൽ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു.


വിവരം അറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെള്ളത്തിന് അടിയിൽ ആയതിനാൽ ആദ്യ ശ്രമം ഫലം കണ്ടില്ല. തുടർന്ന് രണ്ടാം ശ്രമത്തിൽ ആണ് കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Post a Comment

Previous Post Next Post