ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പേരക്കുട്ടികള്‍ ചളിയില്‍ മുങ്ങി, രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് ദാരുണാന്ത്യം

 


തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങവെ അപകടത്തില്‍പ്പെട്ട പേരക്കുട്ടികളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛന്‍ മുങ്ങിമരിച്ചു


.ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. മകളുടെ മക്കളായ അര്‍ജുന്‍, ആദിത്യന്‍ എന്നിവരോടൊപ്പം രവീന്ദ്രനാഥന്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ പേരക്കുട്ടികളില്‍ ഒരാളായ അര്‍ജുനന്‍റെ കാല്‍ ചളിയില്‍ പുതഞ്ഞതോടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു.


ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ മറ്റൊരു പേരക്കുട്ടി ആദിത്യനും കുളത്തില്‍ അകപ്പെട്ടു. നീന്തല്‍ അറിയാത്ത ഇരുവരെയും രക്ഷിക്കാനായി കുളത്തിലേക്ക് എടുത്ത് ചാടിയ രവീന്ദ്രനാഥന്‍ കുളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു ഈ സമയം കുട്ടികളുടെ അച്ഛന്‍ വിജയകുമാര്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. കുളിക്കാന്‍ പോയവരെ കാണാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ കുളക്കടവില്‍ എത്തിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടി രണ്ടുപേരെയും രക്ഷിച്ചു.


പിന്നീടാണ് മുത്തച്ഛനെ കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. വീണ്ടും കുളത്തിലേക്ക് എടുത്ത് ചാടി നടത്തിയ തെരച്ചിലിനൊടുവില്‍ രവീന്ദ്രനെ കരയ്ക്ക് എത്തിച്ചു. ആക്‌ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ വീണ് അബോധാവസ്ഥയിലായ അര്‍ജുനനെ  ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രവീന്ദ്രനാഥന്‍ ഗുരുവായൂര്‍ ദേവസ്വം റിട്ട. ജീവനക്കാരനാണ്. സംസ്‌കാരം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. രാധയാണ് ഭാര്യ. രമ്യ, രതീഷ് എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post