ഗൂഗിള്‍ മാപ്പ് ചതിച്ചു: ശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്


 

ഇടുക്കി പീരുമേട്: ചെങ്കര പുല്ലുമേട് റോഡില്‍ ശങ്കരഗിരി വലിയ വളവില്‍ വീണ്ടും അപകടം. ചെന്നൈ കുളത്തൂരില്‍ നിന്ന് ശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. മണ്ഡലകാലം ആരംഭിച്ചതിനുശേഷം അയ്യപ്പഭക്തരുടെ വാഹനം വഴിതെറ്റി വന്ന് അപകടത്തില്‍പ്പെടുന്നത് ഇവിടെ പതിവാകുകയാണ്. ബസില്‍ 23 അയ്യപ്പഭക്തരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ട് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.


നിസാര പരുക്കുകളേറ്റ പത്തുപേര്‍ക്ക് ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. പരിസരവാസികളുടെയും ഡ്രൈവര്‍മാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുമളി പൊലീസ് സ്ഥലത്തെത്തി മേല്‍  നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റ ഒന്നിലധികം പേരെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് എത്തിക്കാൻ ഡ്രൈവര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ആംബുലൻസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഈ മേഖലയില്‍ വഴിതെറ്റി വന്നുള്ള അപകടങ്ങള്‍ പതിവാകുമ്ബോള്‍ കൃത്യമായ ദിശ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്

Post a Comment

Previous Post Next Post