ബംഗളൂരു മൈസൂരു ഹുൻസൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുപേർ മരണപ്പെട്ടു.6പേർക്ക് പരിക്ക്



ബംഗളൂരു: മൈസൂരു ഹുൻസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ അടക്കം ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു

.ചൊവ്വാഴ്ച രാവിലെ ഹുൻസൂര്‍ സിറ്റിക്ക് സമീപം അയ്യപ്പസ്വാമി ഹില്‍സിലാണ് അപകടം.


വീരാജ്പേട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എ 51 എ.ജെ. 0279 ഇലക്‌ട്രിക് ബസും എച്ച്‌.ഡി കോട്ടെയില്‍നിന്ന് പെരിയപട്ടണയിലെ ഇഞ്ചിപ്പാടത്തേക്ക് ഒമ്ബതു യാത്രികരുമായി പോകുകയായിരുന്ന കെ.എ 12 പി. 1968 ജീപ്പുമാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിയപട്ടണയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഇവര്‍ എച്ച്‌.ഡി കോട്ടെ  സ്വദേശികളാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ഹുൻസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നുപേരുടെ നില അതിഗുരുതരമാണ്. 


ജീപ്പിന്റെ ഡ്രൈവര്‍ ദമ്മനക്കട്ടെ വില്ലേജ് സ്വദേശി മനു (28), എച്ച്‌.ഡി കോട്ടെ ജിയര വില്ലേജ് സ്വദേശികളായ തൊഴിലാളികളായ ലോകേഷ് (35), രാജേഷ് (38), സോമേഷ് (40) എന്നിവരാണ് മരിച്ചത്. മനുവിന്റെ പിതാവും ലേബര്‍ കോണ്‍ട്രാക്ടറുമായ ഗോപാലും ജീപ്പിലുണ്ടായിരുന്നു. ഇയാള്‍ക്ക് പുറമെ, തൊഴിലാളികളായ രവി (29), സന്നസ്വാമി (45), നിംഗരാജു (30), കരിയപ്പ (30) എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ കുമാരസ്വാമിക്കും പരിക്കേറ്റു. നിംഗരാജു, കുമാരസ്വാമി എന്നിവരെ മൈസൂരു  കെ.ആര്‍ ആശുപത്രിയിലും മറ്റുള്ളവരെ ഹുൻസുര്‍ ഗവ. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. 


അപകടത്തെത്തുടര്‍ന്ന് റൂട്ടില്‍ ഗതാഗതം അല്‍പനേരത്തേക്ക് തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഹുൻസൂര്‍ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ അപകടസ്ഥലത്തെത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് താല്‍ക്കാലിക ധനസഹായമായി കാല്‍ ലക്ഷം രൂപ വീതം നല്‍കി. ബാക്കി സഹായം പിന്നീട് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു

Post a Comment

Previous Post Next Post