കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അമ്മയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കായിരുന്നു അപകടം.
അതിരമ്പുഴ കോട്ടമുറി പേമല മുകുളേല്‍ കോളനിയില്‍ രാജേഷിന്റെ ഭാര്യ ധന്യ (27) മക്കളായ ആദിത്യന്‍ (6), അനന്യ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്കൂൾ വിട്ട് കുട്ടികളുമായി ധന്യ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചത്. ബൈക്ക് ഇടിച്ചതോടെ ആദിത്യൻ റോഡിലേക്ക് തെറിച്ചു വീണു. ധന്യ റോഡിന് മറുവശത്ത് തന്നെ വീണു. പരിക്കേറ്റ അമ്മയെയും കുട്ടികളെയും ബൈക്ക് യാത്രക്കാരനെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ മതിലിന് മുകളിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു.
