കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വർഷത്തിൽ അധികമായി അടഞ്ഞുകിടന്നിരുന്ന കടമുറിയിലാണ് ഇന്ന് രാവിലെ തലയോട്ടി കണ്ടെത്തിയത്. ദേശീയ പാത നിർണനത്തിനായി ഏറ്റെടുത്ത കെട്ടിടമാണിത്. തൊഴിലാളികൾ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയാണ് പ്ലാസ്റ്റിക് കൂടുകൾക്കിടയിൽ തലയോട്ടി കണ്ടെത്തിയത്.
ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ആറുമാസത്തിലേറെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന് മറ്റൊരു വാതിൽ ഉണ്ടെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
