വ്യായാമത്തിനിടെ റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം



നെടുമങ്ങാട്: പ്രഭാത വ്യായാമത്തിനിടെ റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ ധനുഷിന് (അപ്പു,17) ദാരുണാന്ത്യം

വീടിന്റെ റൂഫില്‍ സ്ഥാപിച്ചിട്ടുള്ള റിംഗുകളില്‍ തൂങ്ങി വ്യായാമം ചെയ്യുന്നതിനിടെ, അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ ചുറ്റിയതാകാമെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.


ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. പിതാവ് അനില്‍കുമാറും അമ്മ സിന്ധുവും വീട്ടിലുണ്ടായിരുന്നു. വ്യായാമം കഴിഞ്ഞ് തിരികെ കാണാത്തതിനെ തുടര്‍ന്ന് ടെറസിലെത്തിയ അമ്മയാണ് റിംഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അനക്കമറ്റ് കിടന്ന മകനെ ആദ്യം കണ്ടത്. സിന്ധുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അനില്‍കുമാര്‍ കുരുക്കഴിച്ച്‌ ധനുഷിനെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനാട് എസ്.എൻ.വി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്‌ ടു കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയായ ധനുഷിന് കരാട്ടെയില്‍ ബ്ളാക്ക് ബെല്‍റ്റുണ്ട്.


കാസര്‍കോട് കാഞ്ഞങ്ങാട് ശ്രീനാരായണ കോളേജില്‍ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ ധന്യ ഏക സഹോദരിയാണ്. നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം 9.30ഓടെ കല്ലമ്ബാറ ശാന്തിതീരത്ത് സംസ്‌കരിക്കും.

Post a Comment

Previous Post Next Post