തൃശൂർ: പെരിഞ്ഞനത്ത് ബിരിയാണി കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ആർ.എം.വി.എച്ച്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഇന്ന് പുലർച്ചെ മുതൽ ഛർദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ്ക്രീമും, പഫ്സും വിതരണം ചെയ്തിരുന്നു. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
