കൊല്ലം: സൈക്കിളിൽ നിന്ന് വീണ ഗൃഹനാഥൻ സൈക്കിളിന്റെ കമ്പി തലയിൽ തുളച്ചു കയറി മരിച്ചു. കൊല്ലം കാവനാട് കന്നിമേൽചേരി കണ്ണാടൂർ വടക്കതിൽ മുരളീധരനാണ് (60) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30നു ശക്തികുളങ്ങര നല്ലേഴ്ത്ത് മുക്കിനു സമീപമാണു സംഭവം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടതു കണ്ണിലൂടെ സൈക്കിളിന്റെ ബ്രേക്ക് ലിവർ വളരെ ആഴത്തിൽ തലയിലേക്കു തുളച്ചു കയറിയ നിലയിലായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
