എറണാകുളം പെരുമ്പാവൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ച് വയോധിക മരിച്ചു. പെരുമ്പാവൂർ കടുവാൾ രാജമന്ദിർ അപ്പാർട്ടുമെൻ്റിൽ താമസിക്കുന്ന തൃശൂർ കുണ്ടുകുളം വീട്ടിൽ പരേതനായ താരുവിന്റെ ഭാര്യ സിസിലിയാണ് (68) മരിച്ചത്.
പെരുമ്പാവൂർ ടൗണിലെ സിഗ്‌നൽ ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 11.30ന് ആയിരുന്നു അപകടം. ജങ്ഷനിലെ കടയിൽ നിന്ന് പച്ചക്കറി വാങ്ങി മറുവശത്തേക്ക് കടക്കുകയായിരുന്നു ഇവർ. ഈ സമയം കുറുപ്പംപടി ഭാഗത്തു നിന്നും വന്ന ലോറി സിഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം തലയിലൂടെ കയറിയിറങ്ങി. പൊലീസും അഗ്നിരക്ഷ സേനയും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മണിക്കൂറുകൾക്ക്ശേഷമാണ് തിരിച്ചറിഞ്ഞത്. താലൂക്കാശുപത്രിക്ക് സമീപത്തെ വൺവെ റോഡിലൂടെ പോകേണ്ടിയിരുന്ന ടിപ്പർ സിഗ്നൽ ജങ്ഷൻ വഴി കടന്നുവന്നത് ഇതിനിടെ പ്രതിഷേധത്തിനിടയാക്കി. സിസിലി മഴുവന്നൂർ മംഗലത്തു കുടുംബാംഗമാണ്. മകൻ: റിനോയ് (ദുബൈ), മരുമകൾ: പ്രിൻസി.
