ബൈക്കും കാറും കൂട്ടിയിടിച്ച്‌ നാലു വയസുകാരനു ദാരുണാന്ത്യം, പിതാവിന് ഗുരുതര പരിക്ക്കൊച്ചി : കിഴക്കന്പലം - പുക്കാട്ടുപടി റോഡില്‍ ബൈക്കു കാറും കൂട്ടിയിടിച്ച്‌ പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലു വയസുകാരൻ മരിച്ചു.

തിരുവനന്തപുരം കാട്ടാക്കട എം.എസ്. ഭവനില്‍ പ്രദീഷ് - അഞ്ജന ദന്പതികളുടെ മകൻ തേജസ് ആണ് മരിച്ചത്. ഭക്ഷ്യസുരക്ഷ മാർക്കറ്റിനു മുന്നിലെ വളവില്‍ വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. 


പഴങ്ങനാട് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ഇരുവരും കിഴക്കന്പലത്തെ വാടക വീട്ടിലേക്ക് തിരിച്ചു പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നു തേജസും പ്രദീഷും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ഇരുവരെയും പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ പ്രദീഷിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്   തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. പള്ളിക്കരയിലെ സഞ്ജീവനി ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റുകളാണ് പ്രദീഷും അഞ്ജനയും. 


ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുന്നത്തുനാട് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post