കുറ്റ്യാടി ചുരത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്കുറ്റ്യാടി: കുറ്റ്യാടി ചുരം ഒന്നാംവളവിൽ മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പൻ (61) എന്നിവർക്കാണ് പരിക്ക്. നിസ്സാരപരിക്കേറ്റ ഇവർ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വയനാട്ടിൽനിന്നുവന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുൾപ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവർക്കൊന്നും പരിക്കുകൾ ഇല്ല.

അതേസമയം ശനിയാഴ്‌ച രാവിലെയും ചുരത്തിൽ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. വയനാട്ടിൽനിന്ന് വടകര ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ കാറായിരുന്നു പത്താംവളവിൽ നിന്നും നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഈ അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.

വീതികുറഞ്ഞ ചുരം റോഡിൽ അപകടപരമ്പര ആവർത്തിക്കുന്നത് ആശങ്ക കൂട്ടുന്നു. റോഡിലെ ദിശാസൂചികകളും മുന്നറിയിപ്പ് ബോർഡുകളുമൊക്കെ നശിച്ച നിലയിലാണുള്ളതെന്നും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post