മുന്നറിയിപ്പ് ബോര്‍ഡില്‍തട്ടി ബൈക്കില്‍നിന്ന് തെറിച്ചുവീണു; എതിരെവന്ന കാര്‍ കയറിയിറങ്ങി യുവാവ് മരിച്ചുകൊല്ലം: കൊട്ടിയത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനില്‍ ഭവനില്‍ സുനില്‍ ക്ലീറ്റസ് (38) ആണ് മരിച്ചത്.

റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത കുഴിയുടെ സമീപം വച്ചിരുന്ന മുന്നറിയിപ്പ് ബോർഡില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ എതിരെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.


തഴുത്തല വൈദ്യശാല മുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കൊട്ടിയം ഭാഗത്തു നിന്നും ബുള്ളറ്റില്‍ വന്ന സുനില്‍ ക്ലീറ്റസിൻ്റെ ബൈക്ക് സൂചക ബോർഡില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുനിലിൻ്റെ മുകളിലൂടെ എതിരെ വന്ന ആഡംബര കാർ കയറിയിറങ്ങി. കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു,.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൻ്റെ സെമിത്തേരിയില്‍ നടക്കും. ഭാര്യ രേഷ്മ. മക്കള്‍. ഷെറിൻ, ഷെറീന. കൊട്ടിയം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post