തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിന് മുകളിരുന്ന് മരിച്ചുഇടുക്കി കഞ്ഞിക്കുഴി ചുരുളിപ്പതാലിൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65)ആണ് തെങ്ങിന് മുകളിൽ മരണത്തിന് കീഴടങ്ങിയത്.  ചൊവ്വാഴ്ച രാവിലെ 8.30 നാണ്  സംഭവം. മരം വെട്ടുതൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള നടക്കൽ സിബിയുടെ പുരയിടത്തിൽ രാവിലെ തെങ്ങുവെട്ടാൻ തെങ്ങിൽ കയറി. 90 അടി ഉയരമുള്ള തെങ്ങിന്റെ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ ഗോപിനാഥന് ശാരീരികാസ്വസ്ഥത തോന്നി. ശരീരം തളർന്നു.


ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന കയറെടുത്ത് ശരീരം തെങ്ങുമായി ബന്ധിപ്പിച്ചു. ഇതോടെ ഗോപിനാഥൻ   അബോധാവസ്ഥയിലായി. സംഭവം കണ്ട വഴിയാത്രക്കാരൻ സ്ഥലമുടമയേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇടുക്കി അഗ്നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പോലീസിലും വിവരമറിയിച്ചു. ഇടുക്കിയിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങളും കഞ്ഞിക്കുഴി പോലീസും പാഞ്ഞെത്തി . ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ പ്രദീപ് കുമാർ ഓഫീസർമാരായ അനിൽകുമാർ, ആകാശ് എന്നിവർ തെങ്ങിൽ കയറി കയറും വലയുമുപയോഗിച്ച് സാഹസികമായി ഗോപിനാഥനെ താഴെയിറക്കി.


തുടർന്ന് സ്റ്റേഷൻ ഓഫീസർ അഖിലിന്റെയും ഫയർ ഫോഴ്സ‌ിലെ ജോബി  അനിൽകുമാർ, ആഗസ്‌തി, സലിം, മനോജ്, വനിതാ ഫയർ ഓഫീസർമാരായ അഞ്ചു, ശ്രീലഷ്‌മി, അജ്ഞന എന്നിവരുടെയും പോലീസിന്റെയും സഹായത്തോടെ സി.പി.ആർ. അടക്കമുള്ള പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.


ഭാര്യ: ലക്ഷ്മിക്കുട്ടി മക്കൾ: ഉഷ, നിഷ . മരുമക്കൾ: രതീഷ്, ബിജു.

Post a Comment

Previous Post Next Post