കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് തൂങ്ങിമരിച്ച നിലയിൽ



തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ ക്ലാർക്ക് തൂങ്ങിമരിച്ചു. വെള്ളനാട് കുളക്കോട് അനൂപ് അവന്യൂവിൽ അഭിനവം വീട്ടിൽ സുനിൽകുമാർ (50) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്.

സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലികഴിഞ്ഞു രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ ഭാര്യ ആണ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഇവരുടെ രണ്ടു മക്കൾ ബന്ധു വീട്ടിലായിരുന്നു. സാമ്പത്തിക തിരിമറികളെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു ഇദ്ദേഹം. കൊവിഡ് കാലത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ക്ലാര്‍ക്ക് ആയിരുന്നു സുനിൽ കുമാർ. 


ആ സമയത്ത് വെള്ളനാട് ഉറിയാക്കോട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടങ്ങിയ ഡിഎൽസി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേട് നടന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതി ആണ് സുനിൽകുമാർ. തുടർന്ന് തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫിസിലേക്കു മാറിയെങ്കിലും ജോലി ഭാരം കൂടുതലായാൽ ക്ലാർക്കായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ എത്തിയിട്ട് ആറുമാസമായിട്ടേ ഉള്ളൂ. 


അതേസമയം ഇദ്ദേഹം ഡിഎൽസി കേസിൽ നിരപരാധി ആണെന്നും രാഷ്ടീയക്കാർ ഈ കേസിൽ കുടുക്കിയതാണെന്നും വിജിലൻസ് കേസിനെ തുടർന്ന് മാനസിക വിഷമത്തിൽ ആയിരുന്നു എന്നും പൊലീസിൽ ബന്ധുക്കൾ മൊഴി നൽകി. ഇന്ന് രാവിലെ ആര്യനാട് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രയിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ഭാര്യയുടെ വീടായ ആര്യനാട് സംസ്കരിച്ചു.

Post a Comment

Previous Post Next Post