വിഴിഞ്ഞം (തിരുവനന്തപുരം): ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മറിഞ്ഞ് ദേഹത്ത് പതിച്ചുണ്ടായ അപകടത്തിൽ യാത്രികയായ ടി.ടി.സി വിദ്യാർഥിനി മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സുഹ്യത്തുക്കളായ രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്തേ ഗ്ലാസ് തകർന്നു. ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ നിർത്താതെ പോയെന്ന് നാട്ടുകാർ. വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി.എസിലെ മാനേജർ എഫ്. സേവ്യറിന്റെയും ഇതേ സ്കൂളിലെ പ്രഥമാധ്യാപികയായ ലേഖാ റാക്സണിന്റെയും ഏക മകൾ എൽ.എക്സ്. ഫ്രാൻസിസ്‌ക(19) ആണ് മരിച്ചത്. അപകടത്തിൽ ഫ്രാൻസിസ്ക്കയുടെ മുഖത്തും തലയിലും ഗുരുതര പരിക്കേറ്റിരുന്നു
പത്തനംതിട്ട സ്വദേശിയായ കെ.പി. ദേവിക(19), കാസർകോഡ് സ്വദേശി രാഖി സുരേഷ്(19) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ദേവികയുടെ തോളെല്ലിനും രാഖിക്ക് ശരീരമാസകലവും പരിക്കേറ്റു. ഓട്ടോ ഡ്രൈവറും വെങ്ങാനൂർ സ്വദേശിയുമായ സുജിത്തിന്(32) നെറ്റിയിലും നെഞ്ചിലുമാണ് ക്ഷതമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4.15 ഓടെ വിഴിഞ്ഞം- മുക്കോല ഉച്ചക്കട റോഡിൽ കിടാരക്കുഴി ചന്ദനമാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർഥിനികളേയും അവശനിലയിലായ ഓട്ടോഡ്രൈവറെയും നാട്ടുകാരുടെ സഹായത്തോടെ 108 ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. എന്നാൽ ഫ്രാൻസിസ്കയെ രക്ഷിക്കാനായില്ല.
കോട്ടുകാൽ മരുതൂർക്കോണം പട്ടം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു മരിച്ച ഫ്രാൻസിസ്കയും പരിക്കേറ്റ ദേവികയും രാഖി സുരേഷും. അധ്യാപന പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെങ്ങാനൂർ മുടിപ്പുരനട ഗവ.എൽ.പി. സ്കൂളിലാണ് ഇവർ ക്ലാസെടുത്തിരുന്നത്. വ്യാഴാഴ്‌ച വൈകിട്ട് ക്ലാസിനുശേഷം വെങ്ങാനൂരിൽ നിന്ന് ഇവർ മൂന്നുപേരും ഓട്ടോറിക്ഷയിൽ കയറി മരുതൂർക്കോണത്തുളള ഇവരുടെ ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
കിടാരക്കുഴി ഭാഗത്ത് വച്ച് ഇവരുടെ ഓട്ടോറിക്ഷയിൽ എതിരെ നിയന്ത്രണംതെറ്റിയെത്തിയ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്ന് ഇവർ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയും അതേ ഓട്ടോറിക്ഷ മറിഞ്ഞ് ഇവരുടെ ദേഹത്ത് വീണുമാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. വിഴിഞ്ഞം പോലീസ് കേസെടുത്തു. മൃതദേഹം നടപടികൾക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.