കോട്ടയം: കോട്ടയം കൈപ്പുഴമുട്ടിൽ കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സർജി (27), മഹാരാഷ്ട്രയിൽ സ്ഥിരതാമസക്കാരനായ കൊല്ലം ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് എന്നിവരാണ് മരിച്ചത്.
രാത്രി 8.45ഓടെയാണ് അപകടം. കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് കാർ പുഴയിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്‌ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തിൽപ്പെട്ടത്.
ഉടൻ ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിൽ അര മണിക്കൂറിനുള്ളിൽ കാർ പുറത്തെടുത്തു. ഉള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. ഉടൻതന്നെ ഇരുവരേയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
കൃത്യമായ വെളിച്ചമോ സൂചനാ ബോർഡോ പ്രദേശത്ത് ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണോ വാഹനം ഓടിച്ചതെന്ന സംശയമുണ്ടെന്നും ഇവർ പറയുന്നു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ.