അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്.ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു സംഭവം.ഏറെ നാളായി ഒരേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു മരിച്ച മൂന്ന് പേരും.
അടച്ചിട്ടിരുന്ന ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ സമയത്ത് വിഷവാതകം ശ്വസിക്കുകയും അതെ തുടർന്ന് ഒരാൾ ടാങ്കിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. ഇയാളെ സഹായിക്കാനായി എത്തിയ ബാക്കി രണ്ട് പേരും ഇതേ രീതിയിൽ തന്നെ മരണപ്പെടുകയായിരുന്നു. ടാങ്കിന് മൂന്ന് മീറ്ററിലധികം താഴ്ചയാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും.