സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്സാണ്ടറിനാണു(27) ജോലിക്കിടെ അപകടമുണ്ടായത്.
വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് ആണ് അപകടം ഉണ്ടായത്. ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അലന്‍ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു. ഹൃദയമടക്കമുള്ള ആന്തരികാവയവങ്ങള്‍ ചതഞ്ഞും വാരിയെല്ലുകള്‍ നുറുങ്ങിയുമായിരുന്നു മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.