പാലക്കാട് മണ്ണാർക്കാട്: മണ്ണാർക്കാട് നായാടിക്കുന്ന്, നാരങ്ങപ്പറ്റ ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിൽ പതിനൊന്നോളം പേർക്ക് കടിയേറ്റു. കടിയേറ്റവർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചയോടെ നാരങ്ങ പറ്റ ഭാഗത്തുനിന്നാണ് നായ ആക്രമണം തുടങ്ങിയത്. നാരങ്ങ പറ്റ, നായാടിക്കുന്ന് ഭാഗങ്ങളിലൂടെ ഓടിയ നായ മൂന്ന് മണിയോടെ മണ്ണാർക്കാട് ജി എം യു പി സ്കൂളിലെ പിൻവശത്തെ പരിസരത്ത് എത്തി. സ്കൂൾ വിടുന്ന സമയമായാൽ രക്ഷിതാക്കളും ആശങ്കയായിലായി.
പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നസറിയ ഹസന്‍ (ഒന്നര), നസീബ (45), മിന്‍ഹ ഫാത്തിമ (4), ഹഫ്സത്ത് (32), ഷഹല (24), സൈനബ (58), നൂര്‍ മുഹമ്മദ് (35), നസീം (35), ഷൗക്കത്തലി (43), അഷ്മില്‍ (4), ഷഹമ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആദ്യം ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ഷഹമയ്ക്ക് ആശുപത്രിയില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവെപ്പായ ആന്റി റാബിസ് സിറം (എ.ആര്‍.എസ്) നല്‍കി. ഷൗക്കത്തലി, അഷ്മില്‍ എന്നിവര്‍ നേരത്തെ പ്രതിരോധ കുത്തിവെപ്പെടുത്തതിനാല്‍ ഇവര്‍ക്ക് എ.ആര്‍.എസ്. ആവശ്യം വന്നില്ലെന്നും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. 12 മണിക്ക് ശേഷം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നടത്താനുള്ള ഡോക്ടർ ഇല്ലാത്തതിനാലാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പലഭാഗങ്ങളിലായി നായയെ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിടുന്ന സമയം കൂടി കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തി.നാട്ടുകാര്‍ സംഘടിച്ച് നായയെ കണ്ടെത്താന്‍ രാത്രി വൈകി യും തിരച്ചില്‍ നടത്തി. നഗരസഭയില്‍ നിന്നും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.