ദന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും. ചുഴലിക്കാറ്റിന്റെ മുന്‍ കരുതല്‍ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. നാളെ വൈകീട്ട് ആറ് മണി മുതല്‍ 15 മണിക്കൂര്‍ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഒഡിഷയിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ചുഴലിക്കാറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലാണു സര്‍ക്കാരിന്റെ തയാറെടുപ്പ്.മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെ കടന്നുപോകും. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.